ആദിപുരുഷ് കാണാൻ ഹനുമാന് ഫ്രീ ടിക്കറ്റ്
ആദിപുരുഷ് കാണാൻ ഹനുമാൻ എത്തും; പ്രദർശനത്തിൽ ഓരോ സീറ്റ് ഒഴിച്ചിടുമെന്ന് അണിയറപ്രവർത്തകർ
പ്രഭാസ് നായകനായി എത്തുന്ന ചിത്രം ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഓരോ സീറ്റ് ഹനുമാൻ സ്വാമിക്ക് ഒഴിച്ചിടാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ. രാമ-രാവണ യുദ്ധ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയായതിനാൽ തന്നെ രാമ ഭക്തനായ ഹനുമാൻ ചിത്രം കാണാനായി തിയേറ്ററിൽ എത്തുമെന്നും അതിനാൽ ഓരോ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിടുമെന്നും പ്രവർത്തകർ അറിയിച്ചു.
ചിത്രം കാണാന്‍ ഹനുമാന് എത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് തീരുമാനം. വിശ്വാസപ്രകാരം ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യം രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഉണ്ടായിരിക്കും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലും ഹനുമാന് എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.
500 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം ജൂൺ 16 -ന് റിലീസ് ചെയ്യും. റിലീസിന് മുൻപുതന്നെ ചിത്രം ആകെ ചെലവിന്റെ എൺപത്തിയഞ്ച് ശതമാനത്തിൽ അധികം കളക്ട് ചെയ്തു എന്ന റിപോർട്ടുകൾ മുൻപ് തന്നെ വന്നിരുന്നു. പ്രഭാസിന് പുറമെ ബോളിവുഡ് താരം സെയിഫ് അലി ഖാൻ, കൃതി സനോണ്‍, ദേവദത്ത നാഗേ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാർ, കൃഷ്ണകുമാർ, സംവിധായകൻ ഓം റൗട്ട് എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹോയ്ക്കും രാധേശ്യാമിനും ശേഷം ഭൂഷണ് കുമാർ നിർമ്മിക്കുന്ന പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഓം റൗട്ട് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ കാർത്തിക് പളനിയാണ്