ചരിത്ര പോരാട്ടത്തിന് ഒരുങ്ങി വെംബ്ലി സ്റ്റേഡിയം, എഫ്എ കപ്പ് ഫൈനൽ ആദ്യമായി ഇന്ന് മാഞ്ചസ്റ്റർ ഡർബി.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നാഷണൽ ഡൊമസ്റ്റിക് ഫുട്ബോൾ ടൂർണ്ണമെന്റായ എഫ് എ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ വെംബ്ലിയിൽ ഏറ്റുമുട്ടും.
ഇന്ത്യൻ സമയം രാത്രി 7:30 ന് ആണ് കളി.
രണ്ടു ടീമുകൾക്കും ആരാധകർക്കും ഏറെ പ്രധാനപ്പെട്ടതാണ് ഈ അഭിമാന പോരാട്ടം. നിലവിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിട്ടുണ്ട്. ഈ ട്രോഫി കൂടി കരസ്ഥമാക്കിയാൽ യുണൈറ്റിഡിന് ശേഷം ട്രിപ്ലെറ്റ് ട്രോഫി കരസ്ഥമാക്കാനുള്ള സാധ്യത അവർക്ക് കൈവരികയാണ്. എറിക് ടെൻ ഹാഗിന്റെ കീഴിൽ ഇ എഫ എൽ കപ്പ് നേടി വീണ്ടും പ്രതാപകാലത്തിലേക്കുള്ള തിരിച്ച് പോക്കിന് ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ മത്‌സരം വിജയിക്കുക എന്നത് കപ്പ് നേടുക എന്നതിന് അപ്പുറം മൂന്നു ട്രോഫിയും കരസ്ഥമാക്കി എന്ന തങ്ങളുടെ റിക്കോർഡിലേക്ക് സിറ്റിയെ അകറ്റി നിർത്തുക എന്നത് കൂടിയാണ്.
ഒരോ തവണയും മാഞ്ചസ്റ്ററിലെ ഇരുടീമുകൾ ഏറ്റു മുട്ടുമ്പോഴും ആരാധകർ അതിവൈകാരികമായിട്ടാണ് സമീപിക്കുന്നത്. യുകെ സമയം ഉച്ചക്ക് 3:30ന് നടക്കുന്ന മത്സരത്തിന് പോലീസ് അതീവ സുരക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളി തുടങ്ങും മുന്നെ ചരിത്രത്തിൽ ആദ്യമായി അധികൃതർ ട്രോഫിയിൽ പേര് ആലേഖനം ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും ഈ ഫൈനലിനു ഉണ്ട്. മാഞ്ചസ്റ്റർ എന്നാണ് ആലേഖനം ചെയ്തത്, ഇനി എഴുതി ചേർക്കേണ്ടത് സിറ്റിയൊ യുണൈറ്റഡോ എന്ന് മാത്രം.